Sunday, April 19, 2009

ഒരു ആനവണ്ടി കഥ

ഹങ്ങനെ ഞാൻ ഒരുദിവസം മാവേലിക്കര കെ.എസ്സ്‌.ആർ.റ്റി.സി. ബസ്‌ സ്റ്റാന്റിലെത്തി.സമയം ഏകദേശം ഒരു മണിയായിക്കാണും.ആകെ ശ്മശാനമൂകത.സ്റ്റാന്റിൽ അനാഥപ്രേതങ്ങളെപോലെ രണ്ടുമൂന്ന് വണ്ടികൾ.അവിടെങ്ങും ഒറ്റ മനുഷ്യരില്ല..ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..ആസ്ബറ്റോസ്‌ ഷീറ്റ്‌ വെച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഒരു കൊച്ച്‌ ഓഫീസ്‌ മുറിയിൽ സ്റ്റേഷൻ മാസ്റ്റർ നല്ല ഉറക്കത്തിലാണു..വല്ലപ്പോഴും വിരുന്നുവരുന്ന യാത്രക്കാർക്കിരിക്കാൻ ആകെപ്പാടെ ഏഴ്‌ കസേരകൾ.പിന്നെ മൂന്ന് സിമന്റ്‌ ബഞ്ചുകളും..അതിലൊന്നിൽ പോയി ഇരിപ്പുറപ്പിച്ചു...നട്ടുച്ചക്കും പാതിരാത്രിക്കും ആളും അനക്കുവും ഇല്ലാതിരിക്കുന്ന ലോകത്തിലെ ഏക ബസ്സ്റ്റാന്റ്‌ ഇതുമാത്രമായിരിക്കും..അതിലെ ഒരു പട്ടിപോലും പോകുന്നില്ലല്ലോ എന്ന ചിന്ത എന്നെ കൂടുതൽ നിരാശനാക്കി..

ചിന്തകൾ കാടുകയറാൻ തുടങ്ങിയ സമയത്താണു നമ്മുടെ നായകന്റെ വരവ്‌..കരുനാഗപ്പള്ളിക്ക്‌ പോകുന്ന ഓർഡിനറി ബസ്സ്‌..മറ്റങ്ങോ പോയി അലഞ്ഞുതിരിഞ്ഞ്‌ വന്നിരിക്കയാണു കക്ഷി.ഞരങ്ങി ഞരങ്ങിയുള്ള ആ വരവുകണ്ടാൽ എടുക്കാവുന്നതിൽ കൂടുതൽ ഭാരോം താങ്ങിയാണു വരുന്നതെന്ന് തോന്നും.ഡ്രൈവറും കണ്ട്രാവിയും പിന്നെ സി സി അടഞ്ഞ ഒരു അമ്മച്ചിയും മാത്രമായിരുന്നു ആ റ്റ്രിപ്പിലെ യാത്രക്കാർ..ഇനി 10 മിനിറ്റ്‌ വിശ്രമം കഴിഞ്ഞ്‌ അടുത്ത റ്റ്രിപ്‌.."രാവിലെ എടുത്ത്‌ വെച്ച്‌ വളയ്ക്കാൻ തുടങ്ങിയത..ഇനി ഇതൊന്ന് ഇറക്കി വയ്ക്കുമ്പൊ പാതിരാത്രിയാകും.." ആരൊടെന്നില്ലാതെ മുറുമുറുതുകൊണ്ട്‌ ഡ്രൈവർ കൗണ്ടറിലേക്ക്‌ പോയി.എനിക്ക്‌ അങ്ങേരോട്‌ അൽപം ദേഷ്യം തോന്നാതിരുന്നില്ല.എടുത്തുവെച്ച്‌ വളയ്ക്കുന്നത്‌ ഇരുമ്പ്‌ കമ്പിയൊന്നുമല്ലല്ലൊ;ഒരു പാവം വണ്ടീടെ സ്റ്റിയറിങ്ങല്ലെ..പിന്നീടാണു അണ്ണൻ പറഞ്ഞതിന്റെ ഗുട്ടൻസ്‌ പിടികിട്ടിയത്‌..മാവേലിക്കരയിൽ നിന്നും കരുനാഗപള്ളിക്ക്‌ മര്യാദക്ക്‌ പോകാൻ 45 മിനിറ്റ്‌ മതി..പക്ഷെ നമ്മുടെ കഥാനായകൻ മാവേലിക്കര താലൂക്ക്‌ മുഴുവൻ കറങ്ങി ഒരോ മുക്കും മൂലയും സ്പർശ്ശിച്ച്‌ കരുനാഗപള്ളി പിടിക്കുമ്പൊ രണ്ട്‌ മണിക്കൂറങ്ങ്‌ പോകും..കുറഞ്ഞത്‌ ഒരു 50 കൊടും വളവുകൾ താണ്ടി വേണം പാവത്തിനു ലക്ഷ്യ സ്ഥാനത്തെത്താൻ.ഭൂമിക്ക്‌ ചന്ദ്രൻ എന്ന പോലെ മാവേലിക്കരയുടെ ഒരു കൊച്ചു ഉപഗ്രഹകമണു താൻ എന്നുള്ള ആഹങ്കാരമൊന്നും പക്ഷെ കക്ഷിക്കില്ല..ബസ്സ്‌ സാധാരണ 20 കി.മി കൂടുതൽ വേഗത്തിൽ പോകാറില്ല..വളവില്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഡ്രൈവർ അൽപം സ്പീഡ്‌ കൂട്ടുമ്പൊ കക്ഷിയുടെ തനി നിറം കാണാൻ സാധിക്കും.ബസ്സിനുള്ളിൽ ആകെപ്പാടെ ഒരു വിറയലാണു..ഇപ്പൊ എല്ലാംകൂടെ പൊട്ടിപൊളിഞ്ഞ്‌ പോകുമെന്ന് തോന്നിപോകും..അകതിരിക്കുന്നതിനേക്കാളും പുറത്ത്‌ നിന്ന് വീക്ഷിക്കാൻ കൂടുതൽ രസമാണു..ചാട്‌ ആറെണ്ണം നേരയും ബോഡി കൃത്യം 60 ഡിഗ്രി തിരിഞ്ഞും.. വീടിന്റെ മുറ്റത്ത്‌ ചെന്നിറങ്ങാം എന്ന ഒറ്റകാരണത്താൽ മാവേലിക്കര വരുന്ന ദിവസങ്ങളിൽ അൽപം താമസമുണ്ടെങ്കിലും ഈ വിദ്വാനെ പതിവായി കാത്ത്‌ നിൽക്കും..

അങ്ങനെ നമ്മുടെ ബസ്സ്‌ പോകാൻ സമയമായി..പതിവുപോലെ ഡ്രൈവറും കണ്ട്രാവിയും (കണ്ടക്ടർ) പിന്നെ ഞാനും..ഡബിൾ ബെല്ല് കൊടുത്തതും അപശകുനം പോലെ ഒരുത്തൻ ഓടിപിടഞ്ഞ്‌ വരുന്നു..കണ്ടാലെ അറിയാം..ആൾ ഒരു ആഡ്യനാണു..കരുനാഗപള്ളി ബോർഡ്‌ കണ്ട്‌ മര്യാദക്ക്‌ പോകുന്ന ഏതോ വണ്ടിയാണന്ന് തെറ്റുധരിച്ച്‌ വന്ന് കയറിയതാണന്ന് കണ്ട്രാവിക്ക്‌ മനസ്സിലായി..ചാടി കയറുന്നതിനു മുൻപേ എവിടെ പോകാനാണന്ന് കക്ഷിയുടെ ചോദ്യം..കരുനാഗപള്ളി വരേയും താൻ ഉണ്ടാകുമെന്ന് ആഡ്യന്റെ മറുപടി..തുടർന്ന് കണ്ട്രാവി ഈ ബസ്സിൽ പ്പൊകുന്നതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച്‌ ആഡ്യനു ഒരു ക്ലാസെടുത്തു..ഭൂലോക കറക്കം, സമയ നഷ്ടം,പണ നഷ്ടം, പക്ഷെ അതൊന്നും കേട്ട്‌ നമ്മുടെ ആഡ്യൻ കുലിങ്ങിയില്ല..അങ്ങേർക്ക്‌ ഈ ബസ്സേതന്നെ പോണം..കണ്ട്രാവി ഒന്നുംകൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആളു വിടുന്ന ഭാവമില്ല..അങ്ങനെ ഞങ്ങൾ നാലുപേർ യാത്ര പുറപ്പെട്ടു..ഇടക്കുവെച്ച്‌ ആ പഞ്ചായത്തിൽതന്നെയിറങ്ങാനായി രണ്ടുമുന്ന് പേരുംകൂടെ കയറി.ബസ്സ്‌ മെയിൻ റോഡിൽനിന്നും പഞ്ചായത്ത്‌ റോഡിലേക്ക്‌ ഇറങ്ങി..ഗ്രാമപ്രദേശ്ശ്ത്തിന്റെ മനോഹാരിതയും,ജനങ്ങളുടെ നിഷ്കളങ്കതയും, ഗൾഫ്‌ ജീവിതവും തുടങ്ങി കെട്ടിയോളയും വീട്ടുകാരേയും പറ്റിയും നമ്മുടെ ആഡ്യൻ കണ്ട്രാവിയോട്‌ വിളമ്പിക്കൊണ്ടിരുന്നു..

ഗ്രമത്തിന്റെ നിഷ്കളങ്കത വിവരിക്കുന്നതിനിടക്ക്‌ എന്തോ ഒരു ശബ്ദം കേട്ടു..പിന്നെ സംസാരിച്ചതു ഡ്രൈവറാണു.."ഓ..ഗിയർ ബോക്സ്‌ പോയന്ന തോന്നുന്നെ"സന്തോഷം പരമാവധി ഉള്ളിലൊതിക്കി അണ്ണൻ മൊഴിഞ്ഞു..ആ സന്തോഷത്തിനു പ്രധാനകാരണം ഇന്നിനി ഇതുപിടിച്ച്‌ വളയ്ക്കണ്ടാലോ എന്ന ചിന്തയിൽനിന്നാണന്ന് ഏതു കൊച്ച്‌ കുട്ടിക്കും മനസ്സിലാകും..രാവിലെ അമ്പലത്തിൽ തേങ്ങയുടച്ചതിനു ഫലമുണ്ടായി എന്ന് അണ്ണന്റെ ആ മുഖം വിളിച്ച്‌ പറയുന്നുണ്ടായിരുന്നു..ആ പഞ്ചായത്തുകാരായതുകൊണ്ടു ഞങ്ങൾക്ക്‌ നടന്നുവേണമെങ്കിലും വീട്‌ പിടിക്കാം..പക്ഷെ നമ്മുടെ ആഡ്യന്റെ ആത്മവിശ്വാസത്തിനു ആ സമയംകൊണ്ട്‌ അൽപം ക്ഷതമേറ്റിരുന്നു..എങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ അണ്ണൻ കണ്ട്രാവിയോട്‌ ചോദിച്ചു

"അടുത്ത ബസ്സ്‌ ഉടനെതന്നെ കാണുമെല്ലൊ;അല്ലെ?"
കണ്ട്രാവി: "ഏയ്‌..ഇതുവഴിയോടുന്ന ഒരേയൊരു ശകടം ഇതാ..ഇനിയിപ്പം ഇതുശരിയാകുന്നവരെ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ഒക്കെക്കണ്ട്‌ നമുക്കിതിനകത്ത്‌ തന്നെ ഇങ്ങനെയിരിക്കാം."

ഏഴുപേരെ ഉള്ളായിരുന്നെങ്കിലും ഞങ്ങളുടെ ആ ചിരി കരുനാഗപള്ളി വരെ എത്തിക്കാണണം..

11 comments:

ജെയിംസ് ബ്രൈറ്റ് said...

എഴുത്തു കൊള്ളാം.എല്ലാ ആശംസകളും.
തെളിഞ്ഞു വരുക.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ.. കലക്കി .
അപ്പൊ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട് അല്ലെ.. !
പക്ഷെ എന്നെ ആഡ്യന്‍ എന്ന് വിളിച്ചു അപമാനിച്ചതില്‍ ഞാന്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു...
:(
:)

ധൃഷ്ടദ്യുമ്നന്‍ said...

പ്രിയ ബ്രൈറ്റ്‌,
എഴുത്ത്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..കമന്റിനു നന്ദി..

പകലേട്ടാ..അപ്പൊ ഈ അബദ്ധം പറ്റിയട്ടുണ്ട്‌, അല്ലെ? മാവേലിക്കരയിൽ നിന്ന് കരുനാഗപള്ളിക്ക്‌ പോകുന്ന എല്ല യാത്രക്കാരും ഒരിക്കലെങ്കിലും ഈ ബസിനു തലവെച്ചിട്ടുണ്ട്‌..

ബോണ്‍സ് said...

കൊള്ളാം....കലക്കി!!

വാഴക്കോടന്‍ ‍// vazhakodan said...

കലക്കീടാ ഗെഡീ! ഇനിയും പോരട്ടെ!

പി.സി. പ്രദീപ്‌ said...

നന്നായി അവതരിപ്പിച്ചു.

Unknown said...

ചക്രത്തിനെയാണോ ചാടു എന്ന് പറയുന്നത് ,ഞാനൊരു ത്രിശൂക്കാരന്‍ ആണേ .

ramanika said...

ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഇല്ലാതായതാണോ ഇതിനു പിന്നില്‍.............
നല്ല ഭാഷ രസികന്‍ അവതരണം കലക്കി !

ധൃഷ്ടദ്യുമ്നന്‍ said...

ബോൺസ്‌, വാഴക്കോടൻ,പ്രദീപ്‌ വന്നതിലും കഥ ഇഷ്ടപെട്ടു എന്നറിഞ്ഞതിലും സന്തോഷം..
സജീ..ചാടും ചക്രവും വീലും എല്ലാം ഒരമ്മ പെറ്റ മക്കളാ.. :-)
രമണിക..എനിക്ക്‌ ഓർമ്മവച്ച കാലം മുതലേ ഈ റൂട്ടിൽ വണ്ടിയോടുന്നുണ്ട്‌..ഓരോ അഞ്ചുവർഷം കഴിയുമ്പോളും ജേയിംസ്‌ ബോണ്ട്‌ മാറുന്നപോലെ വണ്ടി മാറിക്കൊണ്ടിരിക്കും..റൂട്ട്‌ പഴയതുതന്നെ.. :-)കമന്റിട്ടതിനു നന്ദി..

മണിഷാരത്ത്‌ said...

നിങ്ങള്‍ ചിരിച്ചതുമാത്രമല്ലേ ഉള്ളൂ...അയാള്‍ പൂര്‍ണ ആരോഗ്യത്തോടെ വീട്ടില്‍ എത്തിയിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു,,,അസ്സലായിട്ടുണ്ട്‌..

ധൃഷ്ടദ്യുമ്നന്‍ said...

പ്രിയ മണിഷാരത്ത്‌,
അയാൾ രക്ഷപെട്ടത്‌ മറ്റൊരു വലിയ കഥയ..പിന്നൊരവസരത്തിൽ പറയാം..കമന്റിനു നന്ദി

Get This 4 Column Template Here
Get More Templates Here