Thursday, March 19, 2009

കാമ രാജു

അറുമാദിക്കൽ അതിന്റെ പാരമ്യത്തിൽ എത്തി നിന്ന ഒരു പ്രിഡിഗ്രി കാലം.കോളേജിനു പുറത്തുള്ള ഒരു കൊച്ചു വീട്ടിൽ ഞങ്ങൾ പന്ത്രണ്ട്‌ പേർ.കുളി, നന,ജപം മുതലായ കാര്യങ്ങളിൽ ഞങ്ങൾ ഒറ്റകെട്ടാരുന്നു.എന്നുവച്ചാ ഇതൊന്നും ഞങ്ങൾ ചെയ്യാറില്ലാരുന്നു.വീട്ടുടമസ്ഥ മുറ്റത്തുതന്നയാണു താമസമെങ്കിലും പണികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌ ഞങ്ങടടുത്ത്‌ അധികം കളിക്കാൻ വരില്ല.

കോളേജിൽ അങ്ങനെ പോകാറില്ല.പോയാ ക്ലാസിൽ കയറാറില്ല.ഇനിയിപ്പൊ കയറിയ സാറു പത്തുമിനിട്ടിക്കൂടുതൽ ഇരുത്താറില്ല.മൊത്തത്തിൽ നല്ല സെറ്റപ്പ്‌.ആകപ്പാടെ ഉള്ള ഒരു വിഷമം പെൺകൊച്ചുങ്ങൾ ഇല്ലാരുന്നു എന്നതാണു. ആ വിഷമം തീർക്കാൻ ഞങ്ങൾ പന്ത്രണ്ടുപേരും രാവിലകളിൽ കൃത്യം 9.00 മുതൽ 9.50 വരേയും വൈകുമ്ന്നേരങ്ങളിൽ 4.00 - 5.00 വരേയും വീടിന്റെ മതിലിൽ സ്ഥാനം പിടിക്കും.വിമൻസ്‌ കോളേജിലേക്കുള്ള പ്രധാനറോഡ്‌ ഞങ്ങടെ വീടിന്റെ മുന്നിൽ കൊണ്ട്‌ വെച്ച കർത്താവിന്റെ ഓരോ കളിയേ..തരുണികളെ കമന്റടിക്കുന്നതിൽ പ്രധാനി റോഷനായിരിന്നു.തൊരപ്പൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇവൻ കൊള്ളാവുന്ന പെൺപിള്ളാരെ ദൂരെകാണുമ്പോഴെ അനൗൺസ്‌മന്റ്‌ തുടങ്ങും."ആ നീല ചുരിദാറിട്ടുവരുന്ന..." പുറകാലെ ഞങ്ങടെ കോറസ്‌.."ആ ആ" "നീളൻ മുടിയുള്ള".."ആ..ആ".."പൊട്ടുതൊട്ട".."ആ..ആ" "ആ കൊച്ച്‌ സുന്ദരിയാണേ...." "ഹൂ..ഹു.."..ഇങ്ങനെയാണു കമന്റടിയുടെ ഒരുപോക്ക്‌.

ഇങ്ങനെയുള്ള ഞങ്ങടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി അവൻ കടന്നു വന്നു. പതിമൂന്നാമൻ..വൈകി അട്മിഷൻ എടുത്തതുകൊണ്ട്‌ കോളേജ്‌ ഹോസ്റ്റലിൽ അവനു മുറികിട്ടിയില്ല..അതുകൊണ്ട്‌ തൽകാലത്തേക്ക്‌ തല ചായിക്കാൻ അവന്റെ അപ്പൻ കണ്ടുപിടിച്ച മാർഗ്ഗം..പൈസ കിട്ടുന്നതുകൊണ്ട്‌ നമ്മുടെ ഉടമസ്ഥ രണ്ടുകൈയും നീട്ടി ലവനെ സ്വർഗ്ഗരാജ്യത്തേക്ക്‌ സ്വഗതം ചെയ്തു..അവന്റെ പേരു രാജു..കുളിക്കും,തുണി നനക്കും,പല്ലുതേക്കും..മൊത്തത്തിൽ ഞങ്ങളുമായി ഒത്തുപോരാത്ത പ്രക്രിതം.രാവിലെ 9.30ക്ക്‌ കോളേജിൽ പോകും.ക്ലാസ്സിലെല്ലാം കയറും,വൈകുന്നേരം കൃത്യമായി മുറിയിലെത്തും.പിന്നെ മുറിയടച്ചിട്ടിരുന്ന് പുസ്തകവായനയാണു.ഞങ്ങൾക്കും പുസ്തകംവായന ഇഷ്ടമായിരുന്നു.കൊച്ചു പുസ്തകങ്ങളായിരുന്നെന്നു മാത്രം.രണ്ടുമൂന്ന് ദിവസത്തിനകം അവന്റെ പേരുകേൾക്കുന്നതെ ഞങ്ങൾക്ക്‌ ചൊറിച്ചിലായി.പ്രത്യേകിച്ചും അവന്റെ പത്താം ക്ലാസിലെ മാർക്ക്‌ ഞങ്ങളിൽ ചോരത്തിളപ്പുണ്ടാക്കി.ഞങ്ങളിൽ രണ്ടുപേരുടെ മാർക്ക്‌ കൂട്ടിയാലും അവനു കിട്ടിയ മാർക്കിന്റത്ര വരുത്തില്ല.

തൊരപ്പനായിരുന്നു ആ ജോലിയേറ്റടുത്തത്‌.പണ്ട്‌ ഹൗവ ആദാമിനെ കൊണ്ട്‌ ആപ്പിൾ തീറ്റിച്ചപോലെ തൊരപ്പൻ ഒരോ ലൗകീകകാര്യങ്ങൾ പറഞ്ഞ്‌ അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.കമന്റടിക്കുമ്പൊ കിട്ടുന്ന സമ്പ്ത്രിപ്തി, എ പടം കാണുമ്പൊ തോന്നുന്ന നിർവ്വ്രിതി മുതലായ കാര്യങ്ങളിൽ ഒരു സെമിനാർ തന്നെ കക്ഷി എടുത്തു.പക്ഷെ കേട്ടുകൊണ്ടിരുന്നതല്ലാതെ ലവൻ കുലിങ്ങിയില്ല.തന്നയുമല്ല തൊരപ്പനു അവൻ ഒരു ഉപദേശം കൊടുക്കയും ചെയ്തു."റോഷൻ, നമ്മൾ ഇവിടെ വന്നത്‌ പഠിക്കാനണു.അല്ലാതെ പെമ്പിള്ളാരെ വായിനോക്കാനും,എ പടം കാണനുമൊന്നുമല്ല." ലവന്റെ കവലപ്രസഗം കേട്ട്‌ ഉള്ള ദ്ദുശ്ശീലംകൂടെ ഇല്ലാതാകുമൊ എന്ന് പേടിച്ച്‌ തൊരപ്പൻ ഡാവിൽ അവിടുന്ന് മുങ്ങി.

അങ്ങനെ പതിവുപോലെ ഒരു സമരക്കാലം.സമരമുള്ള ദിവസങ്ങളിൽ ഏ പടമോടുന്ന തീയേറ്ററുകളിൽ ടിക്കറ്റ്‌ കിട്ടാൻ ഭയങ്കര പാടാണു.അതിനു അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.ഒരു കോളേജിനെ മുഴുവൻ 150-175 സീറ്റുള്ള അവരെങ്ങനെ ഉൾക്കൊള്ളാനാ? കൗണ്ടറിൽ നിന്നു ടിക്കറ്റ്‌ തരുന്നതും, പടം ഓടിക്കുന്നതും ഓണറായ അപ്പച്ചൻ തന്നയാണു.കൗണ്ടറിന്റെ ദ്വാരത്തിലൂടെ കൈയിട്ട്‌ അപ്പച്ചന്റെ കൈയിൽ പന്ത്രണ്ട്‌ പേർക്കുള്ള കാശ്‌ കൊടുത്തു.സ്ഥിരാങ്കങ്ങൾ ആയതുകൊണ്ടും ഞങ്ങടെ സ്വഭാവം നല്ലപോലെ അറിയാവുന്നതുകൊണ്ടും അപ്പച്ചൻ ടിക്കറ്റ്‌ തരുമ്പോ ഒരു കാര്യം പ്രതേയ്കം അഭ്യർത്തിച്ചു."രണ്ട്‌ സീനെയുള്ളു. കട്ടു ചെയ്തു,ഒന്നും കാണിക്കുന്നില്ല എന്നൊന്നും പറഞ്ഞ്‌ സീറ്റ്‌ തല്ലിപ്പൊളിക്കയൊ, കൂവുകയൊ ചെയ്യരുത്‌." പടം പുരോഗമിക്കുന്നതിന്റെയിടെയിൽ ആ അരണ്ട വെളിച്ചത്തിൽ റോഷനാണു ആ കാര്യം കണ്ടു പിടിച്ചത്‌.നമ്മുടെ രാജൂന്റെ കൂട്ടിരിക്കുന്ന ഒരാൾ.ഞങ്ങൾ അറിയാതെതന്നെ തൊണ്ടയിൽ നിന്ന് ഒരു ആഘ്രോശമായി അത്‌ പുറത്തേക്ക്‌ വന്നു."എടാ രാജൂ!!!!!" തിയേറ്ററിൽ ലൈറ്റുകൾ തെളിഞ്ഞു.നോക്കുമ്പൊ രാജു എഴുന്നേറ്റ്‌ നിൽക്കുകയാണു.ഞങ്ങളുടെ ആഘ്രോശ്ശത്തിൽ കക്ഷി വിയർത്ത്കുളിച്ച്‌ ആകെ നാശമായി.അന്നുമുതൽ രാജു എന്ന പേരിന്റെ മുന്നിൽ ഞങ്ങൾ അതുംകൂടെ അങ്ങു പിടിപ്പിച്ചു. "കാമ രാജൂ".

ആകെ നാറ്റക്കേസായങ്കിലും അവന്റെ അടിസ്ഥാന സ്വഭാവത്തിനു പ്രെത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടായില്ല.അതുകൊണ്ടുതന്നെ ഞങ്ങൾ വിരിച്ച പല കെണികളിലും അവൻ വീണു.ഒരു ദിവസം തൊരപ്പൻ പതിവുപോലെ അവന്റെ വഴിപിഴച്ച ജീവിതത്തിന്റെ കെട്ടുകൾ അഴിച്ചു.ഗുണ്ടാണന്നറിയാമെങ്കിലും കേൾക്കാൻ സുഖമുള്ളതുകൊണ്ട്‌ പറഞ്ഞുതീരുന്നതുവരെ മിണ്ടാതിരുന്ന ശേഷം അവനെ കുനിച്ചുനിർത്തി ഇടിതുടങ്ങും.പറഞ്ഞതുമുഴുവൻ കള്ളമാണന്നു പറയുന്നതു വരെ ഇതു തുടരും.അന്നത്തെ അവന്റെ കഥയിലെ നായിക ഞങ്ങടെ വീടിന്റെ കുറച്ചു അപ്പുറത്തുമാറി വീട്ടിൽ ബ്യൂട്ടീപാർലർ നടത്തുന്ന ചേച്ചിയായിരുന്നു.ലവൻ സ്ഥിരമവിടെ പോകാറുണ്ടന്നും രാത്രികാലങ്ങളിൽ ഏകദേശം പന്ത്രണ്ടുമണിയടിപ്പിച്ച്‌ ചെന്നാ ച്ചേച്ചി കുളിക്കുന്നത്‌ ഒളിഞ്ഞുനിന്നു കാണാമെന്നുമൊക്കെ കക്ഷി അടിച്ചുവിട്ടു.തൊരപ്പന്റെ വീട്ടിൽനിന്നും എന്തോ ആവശ്യതിനു ഫോൺ വന്നതിനാൽ പതിവിനു വിപരീതമായി അവനെ ഇടിക്കുന്ന പരിപാടി ഞങ്ങളന്നൊഴുവാക്കി.

എല്ലാ ദിവസവും അവസാനം മാത്രം എഴുന്നേൽക്കാറുള്ള തുരപ്പൻ അന്ന് ഓടിപിടച്ച്‌ വന്ന് ഞങ്ങളെയെല്ലവരയും കുത്തിപൊക്കി."എടാ..നിങ്ങളറിഞ്ഞൊ? നമ്മുടെ കാമ രാജുനെ പോലിസ്‌ പൊക്കി". ഞങ്ങൾക്ക്‌ ആദ്യമത്‌ വിശ്വസിക്കാൻ സാധിച്ചില്ല."ഇന്നലെ നമ്മടെ കൂടെയുണ്ടാരുന്ന കാമുനെ ഒരു കാര്യവുമില്ലാതെ എന്തിനു പൊക്കി?" ഞാൻ അവനോടു ചോദിച്ചു."ഇവിടുത്തെ അമ്മച്ചി ഇപ്പൊ എന്നെ വിളിച്ചു കാര്യം പറഞ്ഞതെ ഉള്ളു.നമ്മുടെ അപ്പുറത്തെ ബ്യൂട്ടീപാർലർ ച്ചേചിടെ വീട്ടിൽ അവനിന്നലെ മോട്ടിക്കാൻ കയറിയെന്ന്..." ഞങ്ങൾക്ക്‌ തീരെ വിശ്വാസമായില്ല..പക്ഷെ പോലീസ്‌ പിടിച്ചു എന്നുള്ളത്‌ ഒരു യാഥർദ്ധ്യമാണല്ലൊ.

അന്ന് വൈകുന്നേരത്തോടെ ഒരു കാർ വീടിന്റെ മുന്നിൽ വന്നു നിന്നു.കാറിൽനിന്നും വിഷാദ ഭാവത്തോടെ രാജു ഇറങ്ങി.കൂടെ അവന്റെ അപ്പനും അമ്മാവന്മാരും ഉണ്ടായിരുന്നു."എടുക്കാനുള്ളതെല്ലാം എടുത്തൊ.."അപ്പൻ മുരണ്ടു.അവൻ തനിച്ചാരുന്നു മുറിയിൽ കയറിയത്‌.അവനെ അവിടുന്ന് കൊണ്ടുപോകുവാണന്ന് ഞങ്ങൾക്ക്‌ മനസ്സിലായി.ഞങ്ങൾ ഓരോരുത്തരായി അവന്റെ മുറിയിലേക്ക്‌ ചെന്നു.എല്ലാവരും എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അവൻ ഓടി ചെന്ന് മുറിയടച്ച്‌ കുറ്റിയിട്ടു.നിറകണ്ണുകളോടെ അവൻ തുരപ്പന്റെ കോളറിൽ പിടിച്ച്‌ ഇങ്ങനെ ആഘ്രോശിച്ചു."ഇവൻ പറഞ്ഞതു മുഴുവൻ നുണയായിരുന്നടാ!!ആ ച്ചേചി പന്ത്രണ്ട്‌ മണിക്കൊന്നും കുളിക്കാറില്ലടാ..കുളി കാണാൻ ചെന്ന എന്നെ കള്ളനാണന്ന് പറഞ്ഞ്‌ അവരും ഭർത്താവും കൂടെ പോലീസിലേപ്പിച്ചടാ"..ചിരിക്കാണൊ കരയണൊ എന്നറിയാതെ ഞങ്ങളെല്ലാവരുകൂടെ അവനെ യാത്രയാക്കി.

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുരുത്തംകെട്ടവന്മാര്‍

അല്ലാതെ പിന്നെ.

Get This 4 Column Template Here
Get More Templates Here