Sunday, March 29, 2009

ഏപ്രില്‍ മാസം എനിക്ക് സമ്മാനിച്ചത്

കുട്ടികളെ ഇഷ്ടമല്ലാത്ത പ്രക്രിതമായിരുന്നു പണ്ടേ എനിക്ക്‌.പ്രതേയ്കിച്ചും ജനിച്ച്‌ വീഴുന്നതുമുതൽ ഒന്ന് രണ്ടു വയസ്സകുന്നതു വരെ.എടുത്തു കഴിഞ്ഞാൽ ചിലപ്പൊ പെടുക്കും, തൂറും, ആവശ്യമില്ലതെ കരയും മൊത്തത്തിൽ കുഞ്ഞുങ്ങളെ കാണുമ്പൊഴെ കാലേന്ന് ചൊറിഞ്ഞ്‌ കയറും.എന്നിരുന്നാലും ചില പ്രത്യേക സന്ദർഭങ്ങളിൽ മനസ്സില്ലാ മനസ്സൊടെ ഈ ദൗത്യം ഏറ്റെടുക്കണ്ടി വന്നിട്ടുണ്ട്‌.എടുത്തുകഴിഞ്ഞാൽ പിന്നെ എങ്ങനെ ഈ സാധനം മറ്റുള്ളവന്റെ തോളിൽ കെട്ടിവെയ്ക്കാം എന്നായിരിക്കും മനസ്സിലുള്ള ചിന്ത മുഴുവനും.ചില അപ്പച്ചന്മാരുണ്ട്‌;കുഞ്ഞുങ്ങളെ കാണുമ്പൊ അടുത്തുവന്ന് "മോനെ, ചക്കരെ,ടുട്ടുടു..." എന്നൊക്കെ പറഞ്ഞു കൊഞ്ചിക്കാൻ തുടങ്ങും.ഹൊ!! ഇനിയിപ്പൊ ഇത്‌ അപ്പച്ചൻ ഏറ്റെടുത്തോളും എന്ന് വിചാരിച്ചിരിക്കുമ്പോളാരിക്കും കക്ഷിയുടെ അടുത്ത നമ്പർ.ദൂരെ മാറി നിൽക്കുന്ന ഏതെങ്കിലും കോന്തനെ നോക്കി.."ഹലോ; എടാ തോമാച്ചാ എന്ന ഉണ്ടടാ ഉവ്വേ" എന്ന് ചോദിച്ച്‌ അപ്പച്ചൻ ഒറ്റ പോക്കാണു.കൊച്ച്‌ പിന്നേം നമ്മുടെ കൈയിൽ തന്നെ.

ഇങ്ങനെയൊക്കെ മനസ്ഥിതിയുള്ള എന്റെ ചെവിയിലേക്ക്‌ ഒരു ഏപ്രിൽ മാസം ആ വാർത്തയെത്തി.ഞാൻ അമ്മാവനായിരിക്കുന്നു!!പ്രതേയ്കിച്ചു പരിശ്രമം ഒന്നും കൂടാതെ നമ്മളിൽ വന്നു ചേരുന്ന പേരുകളാണല്ലൊ അമ്മാവൻ, ആങ്ങള, ഉപ്പാപ്പൻ,കൊച്ചഛൻ മുതലായവ. അതുകൊണ്ട്‌ അമ്മാവനായി എന്ന് അറിഞ്ഞപ്പൊൾ വലിയ സന്തോഷമൊന്നും തോന്നിയില്ല.പകരം അൽപം മനപ്രയാസം തോന്നുകയും ചെയ്തും.പിന്നീടുള്ള രാത്രികളിൽ എങ്ങനെ കൊച്ചിന്റെ ശത്രുവാകാം എന്നതിനെ കുറിച്ച്‌ ചിന്തിച്ചായിരുന്നു നേരം വെളിപ്പിച്ചിരുന്നത്‌.അതെന്തായാലും കുറച്ചുനാളത്തെ പരിശ്രമത്തിനു ശേഷം ചെകുത്താൻ കുരുശ്ശ്‌ കണ്ടിട്ടെന്നപോലെ കുഞ്ഞ്‌ എന്റെ തലവട്ടം കാണുമ്പൊഴെ കരയാൻ തുടങ്ങും.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ഡയപ്പർ എന്ന് നമ്മളും വൈപ്പർ എന്ന് ചില അമ്മച്ചിമാരും പറയുന്ന സാധനം കുഞ്ഞിനെ ഉടിപ്പിച്ചിരുന്നതുകൊണ്ട്‌ എടുത്താലും കുഴപ്പമില്ല എന്ന തിരിച്ചറിവ്‌ എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി.അവളുടെ ചിരിയും,കളിപ്പാട്ടം കാണുമ്പോൾ താത്പര്യത്തോടു കൂടെയുള്ള നോട്ടവും,എല്ലാവർക്കും ചക്കര ഉമ്മയും പഞ്ചാരയുമ്മയും ഒക്കെ കൊടുക്കുന്നതും എന്നെ അവളിലേക്ക്‌ കൂടുതലടിപ്പിച്ചു.എന്റെ മനസ്സ്‌ മാറിയെങ്കിലും കുഞ്ഞിന്റെ മനസ്സ്‌ മാറിയില്ല.ഞാൻ അടുത്തെത്തുമ്പോഴെ അവൾ കരച്ചിൽ തുടങ്ങും.മനസ്സിൽ സങ്കടവും കുറ്റബോധവും ഒക്കെ തോന്നിയ ദിവസങ്ങളായിരുന്നു അത്‌.അധികം താമസ്സിയാതെ അവൾ അച്ഛനമ്മമാരോടൊപ്പം വിദേശ്ശ്ത്തേക്ക്‌ പറന്നു...എന്റെ മനസ്സിൽ കുറച്ച്‌ നൊമ്പരം മാത്രം ബാക്കിയാക്കി..

വർഷങ്ങൾ കടന്ന് പോയി..വീണ്ടുമൊരു ഏപ്രിൽ..ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ഒരു വാർത്ത എന്നെ തേടിയെത്തി.ഞാൻ വീണ്ടും അമ്മവനായിരിക്കുന്നു.(ഹൊ!!!എന്നെ സമ്മതിക്കണം.)ഇത്തവണ എനിക്ക്‌ ഭയങ്കര സന്തോഷമായിരിന്നു.പിറന്നിരിക്കുന്നത്‌ ഒരു സുന്ദരകുട്ടനാണു...അവൻ വീട്ടിൽ വരുന്നതും കാത്ത്‌ ഇരിപ്പായി...അവനെ കൊഞ്ചിച്ചും സ്നേഹിച്ചും ഞാൻ പഴയ സങ്കടങ്ങളൊക്കെ മറന്നു..മാസങ്ങൾ കഴിഞ്ഞു..അവൻ കുസൃതിത്തരങ്ങൾ ഓരോന്നായി ആരംഭിച്ചു.. രണ്ടും മൂന്നും ദിവസമായ ഡയപ്പർ ഊരാൻ സമ്മതിക്കില്ല.ഇനി സമ്മതിച്ചാൽ തന്നെ അത്‌ ഊരി ഫുട്‌ ബോൾ തട്ടി കളിക്കാനായിരുന്നു അവനു താത്പര്യം.ഭിത്തി മുഴുവൻ കുത്തിവരക്കുന്നത്‌ അവന്റെ ചില ക്രൂര വിനോദങ്ങളിൽ ഒന്നു മാത്രം.ചേച്ചിയുടെ മുടിയിൽ പിടിച്ച്‌ വലിക്കുക,ബാറ്റ്‌ മാനേ പോലെ അവളെ ഇടിക്കുക തുടങ്ങിയവയൊക്കയാണു കക്ഷിയുടെ സ്ഥിരം ടൈം പാസ്‌ ..കളിപ്പാട്ടങ്ങളും വീട്ടുസാധനങ്ങളും കിട്ടിയാൽ നിമിഷനേരംകൊണ്ട്‌ എങ്ങനെ അത്‌ പല ഭാഗങ്ങളാക്കാം എന്ന് അവനിൽ നിന്നും നമുക്ക്‌ പഠിച്ചെടുക്കാം...ഞാൻ കുഞ്ഞുങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു....അവനിലൂടെ...

ഏപ്രിൽ മാസം അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ, അവനോടൊപ്പം ഞാൻ ഇല്ല എന്ന തോന്നലിൽ നിന്ന്, മിസ്‌ ചെയ്യുക എന്ന് പറയുന്നതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാകുന്നു..

*************************************************************************

മൂന്ന് വയസ്‌ തികഞ്ഞപ്പൊ വീട്ടിലെ അക്ക്രമണം സഹിക്കാൻ വയ്യാതെ അപ്പൻ അവനെ പ്ലേ സ്കൂളിൽ കൊണ്ട്‌ ചേർത്തു..അവിടയും തകർക്കാം എന്ന് തെറ്റുധരിച്ചു ആദ്യത്തെ രണ്ടാഴ്ച വലിയ വഴക്കൊന്നും കൂടാതെ സ്കൂളിൽ പോയി..പിന്നെ മുതൽ വയറ്റിൽ തലവേദന,കാലിൽ വേദന മുതലായ സാങ്ക്രമികരോഗങ്ങൾ കുഞ്ഞിനെ പിടികൂടി..എന്നാ പിന്നെ ദൈവവചനം പറഞ്ഞു നന്നാക്കാം എന്ന് അപ്പന്റെ ദുഷ്ടമനസ്സിലൂടെ ഒരു ചിന്ത കടന്ന് പോയി...അങ്ങനെ ഒരു ദിവസം പ്രാർത്ഥനാ സമയം അവനോട്‌ "ഞാൻ നിന്നെ ഇന്ന് പ്രാർത്ഥിക്കാൻ പഠിപ്പിക്കാം" എന്ന് പറഞ്ഞ്‌ മടിയിൽപിടിച്ചിരുത്തി.
അപ്പൻ: മോനെ, ഞാൻ പറയുന്നപോലെ പ്രാർത്ഥികണം, കേട്ടൊ
കുഞ്ഞ്‌:ഇം
അപ്പൻ: കർത്താവേ, അപ്പനെം അമ്മെം രക്ഷിച്ചൊണെ
കുഞ്ഞ്‌: കർത്തവേ, അപ്പേം അമ്മേം രക്ഷിച്ചൊ
അപ്പൻ:ഞങ്ങളെ ആപത്തൊന്നും കൂടാതെ നോക്കികോണെ
കുഞ്ഞ്‌: ഞങ്ങലെ ആപത്തൊന്നും കൂടാതെ നോക്കണെ
അപ്പൻ: കർത്താവെ, ഞാൻ നാളെ...
കുഞ്ഞ്‌: കർത്താവെ, ഞാൻ നാളെ ...(അപ്പന്റെ മുഖം സന്തോഷഭരിതമായി,മോൻ വഴിക്ക്‌ വരുന്നുണ്ട്‌)
അപ്പൻ: വഴക്കൊന്നും ഉണ്ടാക്കാതെ...
കുഞ്ഞ്‌: വഴക്കൊന്നും ഉണ്ടാക്കാതെ... ഞാൻ സ്കൂളിൽ പോകത്തില്ലേ!!!
പ്രാർത്ഥനാമുറി അൽപ സമയം സ്ഥബ്ധമായി...പിന്നെ ഒരു കൂട്ടച്ചിരിയായിരുന്നു..ബുദ്ദിമാനായ അപ്പന്റെ മുഖത്തെ ആ മ്ലേഛത രണ്ടാഴ്ചകൂടെ അവിടെ തന്നെയിരുന്നു..

4 comments:

Mr. X said...

"അപ്പൻ: വഴക്കൊന്നും ഉണ്ടാക്കാതെ...
കുഞ്ഞ്‌: വഴക്കൊന്നും ഉണ്ടാക്കാതെ... ഞാൻ സ്കൂളിൽ പോകത്തില്ലേ!!!"

അത് സൂപ്പര്‍ കിടു... കലക്കീ!

പിന്നെ, ആദ്യത്തെ ആ പാരഗ്രാഫ് എന്‍റെ കാര്യത്തിലും ശരി ആണ് കേട്ടോ... ഇങ്ങനെ പോയാല്‍ എങ്ങനെ ഒരു പെണ്ണ് കെട്ടും എന്ന് വരെ ഞാന്‍ ആലോചിക്കാറുണ്ട്... പിന്നെ എന്‍റെ അനന്തിരവനും ജനിച്ചത്‌ ഒരു ഏപ്രില്‍ മാസത്തിലാ...

Appu Adyakshari said...

മുഖത്തെ ആ മ്ലേഛത രണ്ടാഴ്ചകൂടെ അവിടെ തന്നെയിരുന്നു..

മ്ലേച്ഛതയല്ല മകനേ ചമ്മല്‍ എന്നുപറയൂ..

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു

ധൃഷ്ടദ്യുമ്നന്‍ said...

അപ്പുവേ, ആക്ചൊലി ആ മുഖം കണ്ടപ്പൊ അത്‌ ചമ്മലാണൊ, മ്ലേഛതയാണൊ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു..ചമ്മലാണന്ന് ഉറപ്പുണ്ടെങ്കിൽ ദേ തിരുത്തിയിരിക്കുന്നു...

Get This 4 Column Template Here
Get More Templates Here